നോമ്പ് എപ്രകാരം ആചരിക്കണം?


നോമ്പ് എന്നത് ദൈവത്തിലേക്കുള്ള പദയാത്രയാണ്, എല്ലാം ത്യജിച്ചു ലോകത്തിനോടുള്ള സ്നേഹം ഉപേക്ഷിച്ചുള്ള പദയാത്ര. പുതിയ നിയമത്തിനുള്ള നോമ്പ് കർത്താവായ യേശു ക്രിസ്തു നമുക്ക് തൻ്റെ ജീവിതത്തിലൂടെ കാണിച്ചു തന്നു, അതുകൊണ്ട് തന്നെ നമ്മുടെ മാത്രകയും ക്രിസ്തുമാത്രമായിരിക്കട്ടെ. 

വിശുദ്ധ ഗ്രന്ഥത്തിൽ കർത്താവ് എപ്രകാരം പരീക്ഷിക്കപ്പെട്ടിട്ടുണ്ട് എന്ന് നമുക്ക് കാണുവാൻ കഴിയും. യേശു ക്രിസ്തു നാല്പത് ദിവസം ഉപവസിച്ചു. ക്രിസ്തു പലഘട്ടങ്ങളായി പരീക്ഷിക്കപെടുന്നുണ്ട്, അവിടെയെല്ലാം വിനയത്തോടും തൻ്റെ ശക്തിയോടും സാത്താനേ തോൽപ്പിക്കുകയാണ് ചെയ്യുന്നത്. 

പരീക്ഷണമായ വിശപ്പ് 

മോറാനേശു മ്ശിഹാ സാദാരണ മനുഷ്യൻ സഹിക്കുന്നതുപോലെ വിശപ്പിൻ്റെ വേദന സഹിച്ചു, അതൊരു സാത്താനു വഴിയായി തീർന്നു. അവനെ പരീക്ഷിക്കാൻ സാത്താൻ ഇതൊരു അവസരമാക്കിയെടുത്തു, കർത്താവിനെ പരീക്ഷിച്ച സാത്താനു നമ്മളെ പരീക്ഷിക്കാൻ നിസ്സാരമാണ് എന്നത് ഓർക്കേണ്ട സംഗതിയാണ്. "അവസാനം തനിക്ക് വിശന്നു. പരീക്ഷകന്‍ തന്നെ സമീപിച്ച് നീ ദൈവത്തിന്‍റെ പുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാകുവാന്‍ (തക്കവണ്ണം) പറയുക എന്ന് പറഞ്ഞു. യേശു ഉത്തരമായി മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല; പിന്നെയോ ദൈവവദനത്തില്‍ നിന്നും പുറപ്പെടുന്ന എല്ലാ വചനം കൊണ്ടും ആണ് എന്ന് എഴുതപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു.(മത്തായി 4:3,4)". ഇന്നത്തെ കാലവും ചിലസമയം ഭക്ഷണത്തിനു വേണ്ടി മാത്രമാകാറുണ്ടോ, എന്നാൽ നോമ്പ് അതെല്ലാം ഉപേക്ഷിച്ചു ദൈവത്തെ ചേർന്ന് നിൽക്കുവാനുള്ള അവസരമാണിത്!

ദൈവത്തോട് ചേർന്ന് നിൽക്കുക 

ഇവിടെ സാത്താൻ ചോദിക്കുന്നുണ്ട് നീ ദൈവപുത്രനാണെങ്കിൽ കല്ലുകൾ അപ്പമാക്കുക ചിലപ്പോൾ മറ്റുള്ളവർ നമ്മളോട് ചോദിക്കാറുണ്ട് നീ പ്രാർത്ഥിച്ചിട്ടു എന്ത് നേടി അല്ലെങ്കിൽ ഈ ദുരന്തം എന്തുകൊണ്ട് നിനക്ക് മാത്രം സംഭവിക്കുന്നു, ഇതൊക്കെ സാത്താൻ്റെ ചോദ്യത്തിൽ ദൈവത്തിൻ്റെ വചനത്തോട് ചേർന്ന് നിൽക്കുക മാത്രമാണ് ഉത്തരം, അവൻ്റെ പരീക്ഷണത്തിൽ വീഴാതെ ദൈവത്തെ മുറുകെ പിടിക്കുവാൻ നമുക്ക് കഴിയട്ടെ. ഇവിടെ ചിലപ്പോൾ  അത്ഭുതത്തിനു സാധ്യത ഉണ്ടെങ്കിലും, ചില അത്ഭുതങ്ങൾ നടക്കാത്തത് ദൈവനന്മക്കു വേണ്ടിയാണ് എന്നുള്ളത് നമുക്ക് മനസിലാക്കാം!

സാത്താൻ്റെ പരീക്ഷണങ്ങൾ തിരിച്ചറിയുക 

യേശു ദൈവവചനത്തിലൂടെയാണ് ജീവിക്കുന്നു എന്ന് പറഞ്ഞതുകൊണ്ട് അടുത്ത പരീക്ഷണം വചനത്തിലൂടെ തന്നെയായിരുന്നു. "പിന്നീട് ആകല്‍കര്‍സോ തന്നെ വിശുദ്ധനഗരത്തിലേക്ക് നയിച്ച്, ദൈവാലയത്തിന്‍റെ അഗ്രത്തിന്മേല്‍ നിര്‍ത്തിയിട്ട് നീ ദൈവത്തിന്‍റെ പുത്രനെങ്കില്‍ താഴോട്ടു ചാടുക. എന്തെന്നാല്‍ അവന്‍ തന്‍റെ ദൂതന്മാരോട് നിന്നെക്കുറിച്ച് കല്പിക്കും; നിന്‍റെ കാല്‍ കല്ലില്‍ തട്ടാതിരിപ്പാന്‍ അവര്‍ അവരുടെ കൈകളില്‍ നിന്നെ വഹിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞു(മത്തായി 45,6).

സാത്താൻ മനുഷ്യരെ തോൽപ്പിക്കാനുള്ള ശ്രമം ക്രിസ്തുവിൽ തുടങ്ങിയതല്ല, ആദാമിൽ നിന്നും ഹവ്വ്യയിൽ നിന്നും തുടങ്ങിയതാണ്. അത് ക്രിസ്തുവിലും നമ്മളിലും തുടരുന്നു എന്ന് മാത്രം അതവൻ ദൈവവചനം എടുക്കുവാനും അവൻ തയ്യാറാകുന്നു എന്ന് മാത്രം. ദൈവം പറയുന്നുണ്ട് "യേശു അവനോട് നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നും എഴുതപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞു"(മത്തായി 4:7). ദൈവവചനം ഒരിക്കലും പരീക്ഷിക്കപ്പെടരുത് കാരണം അതിനെ അശുദ്ധമാക്കാൻ അനേകർ കാത്തിരിക്കുകയാണ്, അവരുടെ ഹൃദയം കഠിനമാണ്.

സ്വത്ത് വിപത്താണോ?

സാത്താൻ കർത്താവിനെ പരീക്ഷിക്കുവാൻ ഉപയോഗിച്ച മറ്റൊരു ആയുധമാണ് സ്വത്ത്, "പിന്നീട് ആകല്‍കര്‍സോ തന്നെ വളരെ ഉയരമുള്ള മലയിലേക്ക് ആനയിച്ചിട്ട് ലോകത്തിലെ സര്‍വ രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ച് തന്നോട്. നീ വീണ് എന്നെ വന്ദിച്ചാല്‍ ഇവയെല്ലാം ഞാന്‍ നിനക്കു തരാം എന്ന് പറഞ്ഞു(മത്തായി 4:8,9). ഈ ലോകം സാത്തൻ്റെ അധികാരത്തിൽ നിൽക്കുന്നു എന്നുള്ളത് ഇവിടെ സൂചിപ്പിക്കുന്നു, ഈ ലോകം ജഡമായന്മാർക്കു നല്കപ്പെടുന്നുണ്ടെങ്കിൽ, ദൈവത്തിൻ്റെ ആത്മീയ രാജ്യം ഓർക്കുക, മരണത്തെ ഓർക്കുക, അവ ദൈവത്തോട് കൂടുതൽ അടുക്കുവാൻ നമ്മുക്ക് സഹായമാകും.

അപ്പോള്‍ യേശു അവനോട് സാത്താനെ നീ മാറി പോകൂ, നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ ആരാധിക്കണം. അവനെ മാത്രമെ സേവിക്കാവൂ എന്നും എഴുതപ്പെട്ടിട്ടുണ്ട് എന്ന് പറഞ്ഞു(മത്തായി 4:10). ആരാധന ദൈവത്തിനു മാത്രം അവനിലൂടെ മാത്രമേ രക്ഷയുള്ളൂ, ദൈവത്തോട് ചേർന്ന് നിന്നുകൊണ്ട് മുൻപോട്ടു പോകുവാൻ കഴിയും.