മോർ അന്ത്രയോസ് ബാവായുടെ(കല്ലട വല്യപ്പൂപ്പൻ, കുണ്ടറ വല്യപ്പൂപ്പൻ) ജീവിത ചരിത്രം

1675- ൽ മോർ അന്ത്രയോസ് ബാവ പരിശുദ്ധ അബ്ദുൽ മ്ശിഹാ ബാവായാൽ(അന്ത്യോഖ്യ പാത്രിയർക്കിസ്) അയക്കപ്പെട്ടു. പ്രായമാധിക്യവും രോഗവും നിമിത്തം മലങ്കരയിൽ കാര്യമായി ഒന്നും ഒന്നും ചെയ്യാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. പിറവം, മുളന്തുരുത്തി, മണർകാട്, പുത്തൻകാവ്, എന്നീ പള്ളികളിൽ താമസിച്ചു സുറിയാനിക്കാരെ വിശ്വാസത്തിൽ ഉറപ്പിക്കുവാൻ അന്ത്രയോസ് ബാവ കഠിനശ്രമം ചെയ്തിട്ടുണ്ട്. കുണ്ടറ വലിയ പള്ളിയിൽ ഇദ്ദേഹത്തിൻ്റെ ഒരു ദാരു ശില്പപ്രതിമയുണ്ട്. തെക്കൻ ഇടവകകളിൽ "കല്ലട അപ്പുപ്പൻ" വടക്കൻ ഇടവകകളിൽ "കല്ലട ബാവായെന്നു" ഇദ്ദേഹം അറിയപ്പെട്ടിരുന്നു. പ്രാർത്ഥനയും, ഉപവാസവും കൈമുതലായിരുന്ന ഈ ബാവ മുളന്തുരുത്തിയിൽ താമസിച്ചു കൊണ്ടിരുന്നപ്പോൾ, ഏതോ കാരണവശാൽ, തവണ നടത്തുന്ന അച്ഛനും കപ്യാരും ബാവ പ്രാർത്ഥിക്കുവാൻ പള്ളിയിലേക്ക് വരവേ പള്ളിപൂട്ടി സ്ഥലം വിട്ടതായും, പൂട്ടിയ വാതിലിനരികെ ബാവ വന്നു നിന്നു കണ്ണുന്നിരോടെ "മാർത്തോമ്മായെ വാതിൽ തുറ" എന്നു പറഞ്ഞു പ്രാർത്ഥിച്ചതായും ഉടനെ വാതിൽ തനിയെ തുറക്കപ്പെടുകയും ബാവ പള്ളിയകത്ത് പോയി പ്രാർത്ഥിച്ചതായും പറഞ്ഞു കേട്ടിട്ടുണ്ട്. ബാവായുടെ വക മനോഹരമായ ഒരു സ്വർണകാസ ഇന്നും മുളന്തുരുത്തി പള്ളിയിൽ സൂക്ഷിച്ചു വരുന്നു. രോഗിയായിട്ടും നിരന്തരം നിസ്വാർത്ഥസഭാസേവനം നടത്തി വന്ന ആ പുണ്യപിതാവ്. 1682-ൽ കുംഭം 18- ആം തീയതി കല്ലടയാറ്റിൽ കുളിച്ചുകൊണ്ടിരിക്കവെ കാൽ വഴുതി മുങ്ങി മരിക്കുകയും കല്ലട പള്ളിയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു.

NB: കാട്ടുചിറ പൗലോസ് കത്തനാർ(കോതമംഗലം) 1975-ൽ രചിച്ച പുസ്തകത്തിൽ നിന്നും