ദൈവത്തെ പരീക്ഷിക്കാൻ കഴിയുമോ?

ദൈവത്തെ പരീക്ഷിക്കാൻ കഴിയും എന്നാണു സത്യം. എൻ്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിൻ്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു (മലാ 3:10).

ദശാംശം ദൈവത്തിനു കൊടുക്കണോ?

പലരും ചോദിക്കാറുണ്ട് എന്തിനാണ് പള്ളിയിൽ ദശാംശം കൊടുക്കുന്നത്? സമ്പാദ്യം എന്തിനു ദാനമായി നൽകുന്നു എന്നതോ ചോദിക്കാറുണ്ട്?. എന്നാൽ ഇവയെല്ലാം ദൈവം തന്നെ അരുൾ ചെയ്തതാണ്. ലേവിപുത്രന്മാരിൽ പൌരോഹിത്യം ലഭിക്കുന്നവർക്കു ന്യായപ്രാമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ടു; അതു അബ്രാഹാമിൻ്റെ കടിപ്രദേശത്തിൽനിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു(എബ്രാ 7:5). ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിൻ്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു(ഉല്പ 28:22). നിലത്തിലെ വിത്തിലും വൃക്ഷത്തിൻ്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം(ലേവ്യ 27:30). ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം(ആവ 14:22). 

യഹൂദരുടെ മനസ്സും ദശാംശയും? 

യഹൂദർ മോശയുടെ നിയമപ്രകാരം ദശാംശം കൊടുത്തിരുന്നുവെങ്കിലും കരുണ വിശ്വാസം തുടങ്ങിയ നന്മപ്രവർത്തികൾ അവർ ത്യജിച്ചു കളഞ്ഞു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ കർപ്പൂരതുളസി, അയമോദകം, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും ന്യായം, കരുണ, വിശ്വാസം ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. ഇവ ചെയ്കയും അവ ത്യജിക്കാതിരിക്കയും വേണം(മത്താ 23:23). പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ഇല ചെടികളിലും ദശാംശം കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; നിങ്ങൾ ദൈവത്തെ സ്നേഹിക്കുകയും ന്യായം ചെയ്കയും അതോടൊപ്പം തന്നെ മറ്റ് കാര്യങ്ങളും ചെയ്യണം(ലൂക്കോ 11:42).

ദൈവം പഴയ നിയമത്തിൽ ദശാംശമായി പുരോഹിതനോട് ദൈവം ചോദിക്കുന്നത് പത്ത് ശതമാനം മാത്രമാണ് “ലേവ്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദശാംശം ഇസ്രായേൽമക്കളിൽനിന്നു ലഭിക്കുമ്പോൾ, ആ ദശാംശത്തിൻ്റെ പത്തിലൊന്ന് യഹോവയ്ക്കു യാഗമായി അർപ്പിക്കുക(സംഖ്യാ 18:26).

ദശാംശം പുരോഹിതർക്ക് മാത്രമോ?

ദശാംശത്തിൻ്റെ അവകാശം ലേവ്യപുരോഹിതർക്ക് മാത്രമല്ലായിരുന്നു  ദശാംശത്തിൻ്റെ വർഷമായ മൂന്നാംവർഷത്തിൽ നിൻ്റെ ഉത്പന്നങ്ങളുടെ എല്ലാം ദശാംശം എടുത്ത് ലേവ്യർക്കും പ്രവാസികൾക്കും അനാഥർക്കും വിധവയ്ക്കും നൽകുകയും, അങ്ങനെ അവർ നിൻ്റെ നഗരങ്ങളിൽവെച്ച് തൃപ്തിയാകുംവണ്ണം ഭക്ഷിക്കുകയും വേണം(ആവ 26:12).

പുതിയ നിയമത്തിൽ ദശാംശം 

പുതിയനിയമത്തിൽ ഒരു സാധുവായ വിധവ ദൈവാലയത്തിൽ വരുകയും അവൾക്കുള്ളത് ദൈവത്തിനു സമർപ്പിക്കുകയും ചെയ്യുന്നുണ്ട് അതിൽ യേശു ക്രിസ്തു സംതൃപ്തനാവുകയും ചെയ്യുന്നുണ്ട്.എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തൻ്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തൻ്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു(മർക്കോ12:44). ഇവിടെ കർത്താവായ യേശു മറ്റുള്ളവരുടെ മനസ്സാണ്, അവരുടെ തൃപ്തിയാണ് നോക്കുന്നത് ദൈവതിരുമുൻപാകെ നമുക്കും ഹൃദയഭാവത്തിൽ താഴ്ന്നു നിൽക്കാം.

മറിയം വിലമതിക്കാനാവാത്ത തൈലവുമായി യേശു ക്രിസ്തുവിൻ്റെ അടുക്കലേക്ക് പോകുന്ന സന്ദർഭമുണ്ട് എന്നാൽ യേശുവിനെ കാട്ടികൊടുത്ത യൂദാ സ്കറിയോത്ത ചോദിക്കുന്നുണ്ട് ഇത് വിറ്റു പാവപ്പെട്ടവർക്ക് കൊടുത്തുടെ എന്ന് ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തൻ്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു. യേശുവോ: അവളെ വിടുക; എൻ്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.  ദരിദ്രന്മാർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു(യോഹന്നാൻ 12:6-8). കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ (മർക്കോസ് 12:17). 

വിശ്വാസികൾ എല്ലാവരും ഒരുമിച്ചായിരുന്നു, എല്ലാം പൊതുവായിരുന്നു. ആവശ്യക്കാർക്ക് കൊടുക്കാൻ അവർ സ്വത്തുക്കളും സ്വത്തുക്കളും വിറ്റു. എല്ലാ ദിവസവും അവർ ദൈവാലയത്തിൽ ഒത്തുകൂടി. വീടുകളിൽ അപ്പം നുറുക്കി(വിശുദ്ധ കുർബാന) സന്തോഷത്തോടെയും ആത്മാർത്ഥതയോടെയും ഭക്ഷണം കഴിച്ചു(പ്രവൃത്തികൾ 2:44-46)ഈ വചനങ്ങൾ നമ്മുടെ മനസ്സിൽ നിറയട്ടെ നമ്മുടെ പണസഞ്ചികൾ, നമ്മുടെ ദാനങ്ങൾ നമ്മെ പോറ്റുന്ന ദൈവത്തോടൊപ്പമായിതീരട്ടെ! ആമ്മേൻ