- മനുഷ്യരായ നാം ദൈവത്തോട് സാരൂപ്യം പ്രാപിക്കുന്നതിലൂടെ നല്ലവരായിരുന്നാൽ അവിടുത്തോട് ചേർന്ന് നിൽക്കും
ദൈവം സന്തോഷിക്കുകയോ കോപിക്കുകയോ ചെയ്യുന്നില്ല എന്നതാണ്. കാരണം സന്തോഷവും കോപവും വികാരങ്ങളാണല്ലോ. അവിടുത്തെ ബഹുമാനിക്കുന്നവരുടെ കാഴ്ചവസ്തുവിൽ അവിടുന്ന് കുടിയിരിക്കുന്നില്ല, അല്ലെങ്കിൽ അവിടുന്ന് സന്തോഷത്താൽ ചാഞ്ചാടുന്നവനാകുമായിരുന്നു. മനുഷ്യരുടെ കാര്യത്തിൽ ദൈവത്തിനു സന്തോഷമോ അതൃപ്തിയോ തോന്നുന്നുവെന്ന് സങ്കൽപ്പിക്കുന്നത് ശരിയല്ല. അവിടുന്ന് നല്ലവനാണ്. അവിടുന്ന് എല്ലായ്പ്പോഴും അനുഗ്രഹങ്ങളാണ് വർഷിക്കുന്നത്. അവിടുന്ന് ഒരിക്കലും തിന്മ ചെയ്യുന്നില്ല. അവിടുന്ന് എല്ലാഴ്‌പ്പോഴും ഒരുപോലെ വർത്തിക്കുന്നു. നേരെമറിച്ച്, മനുഷ്യരായ നാം ദൈവത്തോട് സാരൂപ്യം പ്രാപിക്കുന്നതിലൂടെ നല്ലവരായിരുന്നാൽ അവിടുത്തോട് ചേർന്ന് നിൽക്കും. എന്നാൽ ദുഷ്കർമ്മികളായാൽ, ദൈവത്തോട് സാരൂപ്യം പ്രാപിക്കാതെ അവിടുന്നിൽനിന്ന് അകന്നുപോകും. വിശുദ്ധമായ ജീവതത്തിലൂടെ നമ്മൾ ദൈവസാമിപ്യം അനുഭവിക്കുന്നു. പാപകരമായ ജീവിതത്തിലൂടെ ദൈവത്തെ നമ്മുടെ ശത്രുവാക്കുന്നു. ദൈവം നമ്മോടു കോപിക്കുന്നില്ല; എന്നാൽ നമ്മുടെ പാപങ്ങൾ, നമ്മുടെ ഉള്ളിൽ പ്രകാശിക്കുന്ന ദൈവത്തെ മറയ്ക്കുകയും നമ്മെ പിശാചുകൾക്കു വിധേയരാക്കിത്തിർക്കുകയും ചെയുന്നു. പ്രാർത്ഥനയിലൂടെയും കാരുണ്യപ്രവർത്തികളിലൂടെയും പാപത്തിൽ നാം മോചിതരാകുന്നെങ്കിൽ, ദൈവത്തെ നാം നമ്മുടെ പക്ഷത്താക്കിയെന്നു അർത്ഥമില്ല, നമ്മുടെ പ്രവർത്തികളിലൂടെയും ദൈവത്തിലേക്കു തിരിയുന്നതിലൂടെയും നമ്മുടെ തിന്മകൾക്ക് പരിഹാരം ചെയ്തു ദൈവത്തിൻ്റെ നന്മ കൂടുതൽ ആസാദ്യമാക്കിയെന്നു സാരം. ദുഷ്ടന്മാരിൽ നിന്നും ദൈവം അകന്നുപോകുന്നു എന്ന് പറയുന്നത്, അന്ധന്മാരിൽനിന്നും സൂര്യൻ ഒളിച്ചിരിക്കുന്നു എന്നു പറയുന്നതുപോലെയാണ്.
Ref: ഫിലോക്കാലിയ(മനുഷ്യസ്വഭാവത്തെയും ധർമിഷ്ഠമായ ജീവതത്തെയും കുറിച്ച് നൂറ്റിയെഴുപത് പാഠങ്ങൾ - മഹാനായ വിശുദ്ധ അന്തോണിയോസ്)