മരിച്ചതിനു ശേഷം എന്ത് സംഭവിക്കുന്നു?

മരിച്ചതിനു ശേഷം നമ്മൾ ഈ ഭൂമിയിൽ നിന്നും മറ്റൊരു ലോകത്തേക്ക് എടുക്കപ്പെടുന്നു! ആ ലോകം എങ്ങനെ ഉള്ളവരുടെയാണ്? കർത്താവായ യേശു മിശിഹാ പറയുന്നു “ശിശുക്കളെ എൻ്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” എന്നു പറഞ്ഞു(മത്തായി 19:14). “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളതു(മത്തായി 5:3). ശിശുക്കളിലും ആത്മാവിൽ ദാരിദ്ര്യാവർക്കും ഒരേ അവസ്ഥയാണ് നിഷ്കളങ്കത, അവർ മുൻകോപം കാണിക്കുന്നില്ല, പെട്ടന്ന് ക്ഷമിക്കുന്നു. അവൻ ആത്മാവിൻ്റെ അറ്റത്ത് നിന്ന് നുറുങ്ങിയ ഹൃദയത്തോടെ നിലവിളിക്കുന്നു. ഇവരിൽ പരിശുദ്ധി നിറഞ്ഞു നിൽക്കുന്നു. 

അവൻ്റെ തെറ്റുകളിൽ അനുതപിച്ചു. "ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. "അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” എന്നു ഞാൻ നിങ്ങളോടു പറയുന്നു(ലൂക്കോസ് 18).

ആരാണ് ദൈവം?

ദൈവം പരിശുദ്ധനാണ്, വിശുദ്ധ ഗ്രന്ഥം പറയുന്നു "സാറാഫുകൾ അവന്നു ചുറ്റും നിന്നു; ഓരോരുത്തന്നു ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ടു അവർ മൂഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു. ഒരുത്തനോടു ഒരുത്തൻ; സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; സർവ്വഭൂമിയും അവന്റെ മഹത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നു ആർത്തു പറഞ്ഞു"(യെശ്യ 6:2,3).

നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു(വെളിപാട് 4:8). അതുകൊണ്ട് ദൈവത്തെ ദർശിക്കണമെങ്കിൽ നമ്മുക്കും പരിശുദ്ധി ആവശ്യമാണ്. "നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ(ലേവ്യ 19:2). 

ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ(1 തിമോത്തിയോസ് 2:5,6). "അതുകൊണ്ടു ഞാൻ ക്രിസ്തുവിന്നു വേണ്ടി ബലഹീനത, കയ്യേറ്റം, ബുദ്ധിമുട്ടു, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാൻ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോൾ തന്നേ ഞാൻ ശക്തനാകുന്നു(2 കോരി 12:10). പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക(2 കോരി 7:1). 

പറുദിസ

വിശുദ്ധിയാണ് പറുദിസയുടെ കവാടം. പറുദിസ പ്രേത്യക സ്ഥലമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്, "ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാൻ അറിയുന്നു: അവൻ പതിന്നാലു സംവത്സരം മുമ്പെ മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്നു ഞാൻ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നുമറിയുന്നില്ല; ദൈവം അറിയുന്നു. ആ മനുഷ്യൻ പറുദീസയോളം എടുക്കപ്പെട്ടു(2 കോരി 12:2). ഇവിടെ മൂന്നാം സ്വർഗ്ഗത്തെയാണ് പറുദിസയോളം കരുതപ്പെടുന്നത്. എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. "ജാഗ്രതയായിരിപ്പീൻ; ആരും ദൈവകൃപ വിട്ടു പിൻമാറുവാനും, വല്ല കയ്പുമുള്ള വേരും മുളച്ചു പൊങ്ങി കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുവാനും ഇടയാകുമല്ലോ"(എബ്രായ 12:14,15). 

കള്ളനും പറുദിസയും 

യേശുവിൻ്റെ ക്രൂശിനരികിൽ അനുതപിച്ച കള്ളനു പറുദിസ പ്രാപിക്കാൻ കഴിഞ്ഞു, വിശുദ്ധ ഗ്രന്ഥം പറയുന്നത് ഇപ്രകാരമാണ് "പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓർത്തുകൊള്ളേണമേ എന്നു പറഞ്ഞു. യേശു അവനോടു: “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു” എന്നു പറഞ്ഞു(ലൂക്കോസ് 23:42,43).

യേശു ക്രിസ്തുവിൻ്റെ രണ്ടാമത്തെ വരവും സ്വർഗ്ഗരാജ്യവും 

കർത്താവു താൻ ഗംഭീരനാദത്തോടും പ്രധാനദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരികയും ക്രിസ്തുവിൽ മരിച്ചവർ മുമ്പെ ഉയിർത്തെഴുന്നേൽക്കയും ചെയ്യും. പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കർത്താവിനോടുകൂടെ ഇരിക്കും(1 തെസലോന്യ 4:16,17).  "അവനെ കണ്ടിട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണു. അവൻ വലങ്കൈ എന്റെ മേൽ വെച്ചു: ഭയപ്പെടേണ്ടാ, ഞാൻ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. "ഞാൻ മരിച്ചവനായിരുന്നു; എന്നാൽ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിൻ്റെയും പാതാളത്തിൻ്റെയും താക്കോൽ എൻ്റെ കൈവശമുണ്ടു(വെളിപാട് 1:17,18). 

യേശു ക്രിസ്തുവിൽ കൃപയാലാണ് നാം രക്ഷിക്കപ്പെടുന്നത്  "സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിൻ്റെ പ്രത്യക്ഷതയാൽ വെളിപ്പെട്ടിരിക്കുന്നതുമായ തൻ്റെ സ്വന്ത നിർണ്ണയത്തിന്നും കൃപക്കും ഒത്തവണ്ണമത്രേ"(1 തിമോത്തിയോസ് 1:10). ദൈവത്തിൻ്റെ കരുണക്കായി നമ്മുക്ക് യാചിക്കാം, പ്രതിഫലം അവൻ്റെ കൈവശമുള്ളത് .

വിശുദ്ധ ഗ്രന്ഥം പറയുന്നു "എൻ്റെ പിതാവിൻ്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറയുമായിരുന്നു. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു. ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയാൽ, ഞാൻ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിന്നു പിന്നെയും വന്നു നിങ്ങളെ എൻ്റെ അടുക്കൽ ചേർത്തുകൊള്ളും"(യോഹന്നാൻ 14:23)

യേശുക്രിസ്തുവിൽ നമ്മുക്ക് ലഭിച്ച വാഗ്ദാനങ്ങളും സ്വർഗത്തിൽ നൽകപ്പെടും "നിങ്ങളോ അന്ധകാരത്തിൽ നിന്നു തൻ്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവൻ്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിൻ്റെ ജനം; കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ"(1 പത്രോസ് 2:9,10).

മനുഷ്യൻ സ്വർഗത്തിൽ ആരാണ്?

ദൈവത്തിൻ്റെ മാലാഖമാർ "ദൈവം പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ എന്നു അവർ രാപ്പകൽ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു(വെളിപാട് 4:8). മറ്റ് മാലാഖമാർ ദൈവത്തിനു ധുപം അർപ്പിക്കുന്നു "മറ്റൊരു ദൂതൻ ഒരു സ്വർണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സീംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണപീഠത്തിൻ മേൽ സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനയോടു ചേർക്കേണ്ടതിന്നു വളരെ ധൂപവർഗ്ഗം അവന്നു കൊടുത്തു"(വെളിപാട് 8:3). ഇതുപോലെയാണ് മനുഷ്യരും എന്നു വിശ്വസിക്കാം, യേശു ക്രിസ്തു പഠിപ്പിക്കുന്നു "പുനരുത്ഥാനത്തിൽ അവർ(മനുഷ്യർ) വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു(മത്തായി 22:30)". 

രണ്ടാം വരവിലെ പുനരുത്വാനം വിശുദ്ധന്മാർക്കു മാത്രമാണോ?

"യേശു അവളോടു: നിൻ്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞു. മാർത്ത അവനോടു: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും"(യോഹന്നാൻ 11:23,24,25). ഇവിടെ ലാസർ സാദാരണമനുഷ്യനാണ്.

മോർ അന്ത്രയോസ് ബാവായുടെ(കല്ലട വല്യപ്പൂപ്പൻ, കുണ്ടറ വല്യപ്പൂപ്പൻ) ജീവിത ചരിത്രം

1675- ൽ മോർ അന്ത്രയോസ് ബാവ പരിശുദ്ധ അബ്ദുൽ മ്ശിഹാ ബാവായാൽ(അന്ത്യോഖ്യ പാത്രിയർക്കിസ്) അയക്കപ്പെട്ടു. പ്രായമാധിക്യവും രോഗവും നിമിത്തം മലങ്കരയിൽ കാര്യമായി ഒന്നും ഒന്നും ചെയ്യാൻ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. പിറവം, മുളന്തുരുത്തി, മണർകാട്, പുത്തൻകാവ്, എന്നീ പള്ളികളിൽ താമസിച്ചു സുറിയാനിക്കാരെ വിശ്വാസത്തിൽ ഉറപ്പിക്കുവാൻ അന്ത്രയോസ് ബാവ കഠിനശ്രമം ചെയ്തിട്ടുണ്ട്. കുണ്ടറ വലിയ പള്ളിയിൽ ഇദ്ദേഹത്തിൻ്റെ ഒരു ദാരു ശില്പപ്രതിമയുണ്ട്. തെക്കൻ ഇടവകകളിൽ "കല്ലട അപ്പുപ്പൻ" വടക്കൻ ഇടവകകളിൽ "കല്ലട ബാവായെന്നു" ഇദ്ദേഹം അറിയപ്പെട്ടിരുന്നു. പ്രാർത്ഥനയും, ഉപവാസവും കൈമുതലായിരുന്ന ഈ ബാവ മുളന്തുരുത്തിയിൽ താമസിച്ചു കൊണ്ടിരുന്നപ്പോൾ, ഏതോ കാരണവശാൽ, തവണ നടത്തുന്ന അച്ഛനും കപ്യാരും ബാവ പ്രാർത്ഥിക്കുവാൻ പള്ളിയിലേക്ക് വരവേ പള്ളിപൂട്ടി സ്ഥലം വിട്ടതായും, പൂട്ടിയ വാതിലിനരികെ ബാവ വന്നു നിന്നു കണ്ണുന്നിരോടെ "മാർത്തോമ്മായെ വാതിൽ തുറ" എന്നു പറഞ്ഞു പ്രാർത്ഥിച്ചതായും ഉടനെ വാതിൽ തനിയെ തുറക്കപ്പെടുകയും ബാവ പള്ളിയകത്ത് പോയി പ്രാർത്ഥിച്ചതായും പറഞ്ഞു കേട്ടിട്ടുണ്ട്. ബാവായുടെ വക മനോഹരമായ ഒരു സ്വർണകാസ ഇന്നും മുളന്തുരുത്തി പള്ളിയിൽ സൂക്ഷിച്ചു വരുന്നു. രോഗിയായിട്ടും നിരന്തരം നിസ്വാർത്ഥസഭാസേവനം നടത്തി വന്ന ആ പുണ്യപിതാവ്. 1682-ൽ കുംഭം 18- ആം തീയതി കല്ലടയാറ്റിൽ കുളിച്ചുകൊണ്ടിരിക്കവെ കാൽ വഴുതി മുങ്ങി മരിക്കുകയും കല്ലട പള്ളിയിൽ സംസ്കരിക്കപ്പെടുകയും ചെയ്തു.

NB: കാട്ടുചിറ പൗലോസ് കത്തനാർ(കോതമംഗലം) 1975-ൽ രചിച്ച പുസ്തകത്തിൽ നിന്നും 

ദൈവത്തെ പരീക്ഷിക്കാൻ കഴിയുമോ?

ദൈവത്തെ പരീക്ഷിക്കാൻ കഴിയും എന്നാണു സത്യം. എൻ്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിൻ്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു (മലാ 3:10).

ദശാംശം ദൈവത്തിനു കൊടുക്കണോ?

പലരും ചോദിക്കാറുണ്ട് എന്തിനാണ് പള്ളിയിൽ ദശാംശം കൊടുക്കുന്നത്? സമ്പാദ്യം എന്തിനു ദാനമായി നൽകുന്നു എന്നതോ ചോദിക്കാറുണ്ട്?. എന്നാൽ ഇവയെല്ലാം ദൈവം തന്നെ അരുൾ ചെയ്തതാണ്. ലേവിപുത്രന്മാരിൽ പൌരോഹിത്യം ലഭിക്കുന്നവർക്കു ന്യായപ്രാമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ടു; അതു അബ്രാഹാമിൻ്റെ കടിപ്രദേശത്തിൽനിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു(എബ്രാ 7:5). ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിൻ്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു(ഉല്പ 28:22). നിലത്തിലെ വിത്തിലും വൃക്ഷത്തിൻ്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം(ലേവ്യ 27:30). ആണ്ടുതോറും നിലത്തു വിതെച്ചുണ്ടാകുന്ന എല്ലാവിളവിലും ദശാംശം എടുത്തുവെക്കേണം(ആവ 14:22). 

യഹൂദരുടെ മനസ്സും ദശാംശയും? 

യഹൂദർ മോശയുടെ നിയമപ്രകാരം ദശാംശം കൊടുത്തിരുന്നുവെങ്കിലും കരുണ വിശ്വാസം തുടങ്ങിയ നന്മപ്രവർത്തികൾ അവർ ത്യജിച്ചു കളഞ്ഞു. കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്ക് ഹാ കഷ്ടം; നിങ്ങൾ കർപ്പൂരതുളസി, അയമോദകം, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും ന്യായം, കരുണ, വിശ്വാസം ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. ഇവ ചെയ്കയും അവ ത്യജിക്കാതിരിക്കയും വേണം(മത്താ 23:23). പരീശരായ നിങ്ങൾക്ക് അയ്യോ കഷ്ടം; നിങ്ങൾ തുളസിയിലും അരൂതയിലും എല്ലാ ഇല ചെടികളിലും ദശാംശം കൊടുക്കുകയും ന്യായവും ദൈവസ്നേഹവും വിട്ടുകളയുകയും ചെയ്യുന്നു; നിങ്ങൾ ദൈവത്തെ സ്നേഹിക്കുകയും ന്യായം ചെയ്കയും അതോടൊപ്പം തന്നെ മറ്റ് കാര്യങ്ങളും ചെയ്യണം(ലൂക്കോ 11:42).

ദൈവം പഴയ നിയമത്തിൽ ദശാംശമായി പുരോഹിതനോട് ദൈവം ചോദിക്കുന്നത് പത്ത് ശതമാനം മാത്രമാണ് “ലേവ്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദശാംശം ഇസ്രായേൽമക്കളിൽനിന്നു ലഭിക്കുമ്പോൾ, ആ ദശാംശത്തിൻ്റെ പത്തിലൊന്ന് യഹോവയ്ക്കു യാഗമായി അർപ്പിക്കുക(സംഖ്യാ 18:26).

ദശാംശം പുരോഹിതർക്ക് മാത്രമോ?

ദശാംശത്തിൻ്റെ അവകാശം ലേവ്യപുരോഹിതർക്ക് മാത്രമല്ലായിരുന്നു  ദശാംശത്തിൻ്റെ വർഷമായ മൂന്നാംവർഷത്തിൽ നിൻ്റെ ഉത്പന്നങ്ങളുടെ എല്ലാം ദശാംശം എടുത്ത് ലേവ്യർക്കും പ്രവാസികൾക്കും അനാഥർക്കും വിധവയ്ക്കും നൽകുകയും, അങ്ങനെ അവർ നിൻ്റെ നഗരങ്ങളിൽവെച്ച് തൃപ്തിയാകുംവണ്ണം ഭക്ഷിക്കുകയും വേണം(ആവ 26:12).

പുതിയ നിയമത്തിൽ ദശാംശം 

പുതിയനിയമത്തിൽ ഒരു സാധുവായ വിധവ ദൈവാലയത്തിൽ വരുകയും അവൾക്കുള്ളത് ദൈവത്തിനു സമർപ്പിക്കുകയും ചെയ്യുന്നുണ്ട് അതിൽ യേശു ക്രിസ്തു സംതൃപ്തനാവുകയും ചെയ്യുന്നുണ്ട്.എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തൻ്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തൻ്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു(മർക്കോ12:44). ഇവിടെ കർത്താവായ യേശു മറ്റുള്ളവരുടെ മനസ്സാണ്, അവരുടെ തൃപ്തിയാണ് നോക്കുന്നത് ദൈവതിരുമുൻപാകെ നമുക്കും ഹൃദയഭാവത്തിൽ താഴ്ന്നു നിൽക്കാം.

മറിയം വിലമതിക്കാനാവാത്ത തൈലവുമായി യേശു ക്രിസ്തുവിൻ്റെ അടുക്കലേക്ക് പോകുന്ന സന്ദർഭമുണ്ട് എന്നാൽ യേശുവിനെ കാട്ടികൊടുത്ത യൂദാ സ്കറിയോത്ത ചോദിക്കുന്നുണ്ട് ഇത് വിറ്റു പാവപ്പെട്ടവർക്ക് കൊടുത്തുടെ എന്ന് ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തൻ്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു. യേശുവോ: അവളെ വിടുക; എൻ്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.  ദരിദ്രന്മാർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാൻ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു(യോഹന്നാൻ 12:6-8). കൈസർക്കുള്ളതു കൈസർക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ (മർക്കോസ് 12:17). 

വിശ്വാസികൾ എല്ലാവരും ഒരുമിച്ചായിരുന്നു, എല്ലാം പൊതുവായിരുന്നു. ആവശ്യക്കാർക്ക് കൊടുക്കാൻ അവർ സ്വത്തുക്കളും സ്വത്തുക്കളും വിറ്റു. എല്ലാ ദിവസവും അവർ ദൈവാലയത്തിൽ ഒത്തുകൂടി. വീടുകളിൽ അപ്പം നുറുക്കി(വിശുദ്ധ കുർബാന) സന്തോഷത്തോടെയും ആത്മാർത്ഥതയോടെയും ഭക്ഷണം കഴിച്ചു(പ്രവൃത്തികൾ 2:44-46)ഈ വചനങ്ങൾ നമ്മുടെ മനസ്സിൽ നിറയട്ടെ നമ്മുടെ പണസഞ്ചികൾ, നമ്മുടെ ദാനങ്ങൾ നമ്മെ പോറ്റുന്ന ദൈവത്തോടൊപ്പമായിതീരട്ടെ! ആമ്മേൻ  

യേശു ക്രിസ്തു ദൈവപുത്രനാണോ?

യേശു പുത്രനാണോ എന്നുള്ള ചോദ്യം ക്രൈസ്തവസമൂഹം ഒഴിച്ച് എല്ലാം സമൂഹവും സംശയമനസിലൂടെ ചോദിക്കുന്നതാണ് യെശയ്യാ പ്രവാചകൻ പറയുന്നു "അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇമ്മാനൂവേൽ എന്നു പേർ വിളിക്കും(യെശയ്യാ 7:14)". നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിൻ്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിൻ്റെ സിംഹാസനത്തിലും അവൻ്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും (യെശയ്യാ 9: 6,7). 

ഈ പ്രവചനത്തിൻ്റെ ഉത്തരമാണ് യേശു ക്രിസ്തു. വചനം പറയുന്നു “കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. അവന്നു ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള ഇമ്മാനൂവേൽ എന്നു പേർ വിളിക്കും”. ഇമ്മാനുവേൽ എന്നർത്ഥം ദൈവം നമ്മോടു കൂടെ എന്നാണു, ആയതിനാൽ യേശു ക്രിസ്തു ദൈവമാണെന്ന് ഇവിടെ വെളിപ്പെടുന്നു. 

യോഹന്നാൻ പറയുന്നു "ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു. അവൻ ലോകത്തിൽ ഉണ്ടായിരുന്നു; ലോകം അവൻ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല. അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ടു അവൻ്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. അവർ രക്തത്തിൽ നിന്നല്ല, ജഡത്തിൻ്റെ ഇഷ്ടത്താലല്ല, പുരുഷൻ്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു. വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവൻ്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവൻ്റെ തേജസ്സായി കണ്ടു. യോഹന്നാൻ അവനെക്കുറിച്ചു സാക്ഷീകരിച്ചു (യോഹന്നാൻ 1:9-15). ഇവിടെ കർത്താവായ യേശു ക്രിസ്തു ജനിച്ചത് ദൈവത്തിൽ നിന്നത്രേ വ്യക്തമായി പറയുന്നു, അതുകൊണ്ട് തന്നെ യേശുക്രിസ്തു ദൈവമാണ്. 

ദൈവപുത്രൻ്റെ ലക്ഷ്യം എന്തെന്നാൽ "നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ(യോഹന്നാൻ 17:21). 24 പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു. നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിൻ്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും"(യോഹന്നാൻ 17:24-26). അതുമാത്രമല്ല "യേശു അവളോടു: ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു. അവൾ അവനോടു: ഉവ്വു, കർത്താവേ, ലോകത്തിൽ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാൻ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു (യോഹന്നാൻ 11: 25-27).

യേശു ക്രിസ്തു ചോദിക്കുന്നുണ്ട് ഞാൻ ആരാകുന്നു എന്ന്  "യേശു ഫിലിപ്പിൻ്റെ കൈസര്യയുടെ പ്രദേശത്തു എത്തിയശേഷം തന്റെ ശിഷ്യന്മാരോടു: “ജനങ്ങൾ മനുഷ്യപുത്രനെ ആർ എന്നു പറയുന്നു?” എന്നു ചോദിച്ചു. ചിലർ യോഹന്നാൻ സ്നാപകൻ എന്നും മറ്റു ചിലർ ഏലീയാവെന്നും വേറെ ചിലർ യിരെമ്യാവോ പ്രവാചകന്മാരിൽ ഒരുത്തനോ എന്നും പറയുന്നു എന്നു അവർ പറഞ്ഞു. “നിങ്ങളോ എന്നെ ആർ എന്നു പറയുന്നു” എന്നു അവൻ ചോദിച്ചതിന്നു ശിമോൻ പത്രൊസ്: നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു എന്നും ഉത്തരം പറഞ്ഞു. യേശു അവനോടു: “ബർയോനാശിമോനെ, നീ ഭാഗ്യവാൻ; ജഡരക്തങ്ങൾ അല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ നിനക്കു ഇതു വെളിപ്പെടുത്തിയതു" (മത്തായി 16:13-17). ഇന്നും ഈ ചോദ്യം പല ജനതകളും ചോദിക്കുന്നു എന്നത് സത്യം തന്നെ. ഈ വചനത്തിലാണ് ക്രൈസ്തവവിശ്വാസത്തിൻ്റെ അടിസ്ഥാനം.

യേശു ക്രിസ്തു വെളിപ്പെടുത്തുന്നു "യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു. യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു. യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.(യോഹന്നാൻ 10:31-33) യേശു ക്രിസ്തു ദൈവമാണെന്ന് ഇവിടെ വെളിപ്പെടുത്തുന്നത് കൊണ്ട് അവൻ അവിടെ ഉപദ്രവം ഏൽക്കുവാൻ കാരണമായി. യേശു ക്രിസ്തു ക്രൂശിക്കാൻ കാരണവും ക്രിസ്തു ദൈവം എന്ന് പറഞ്ഞത് കൊണ്ടാണ് യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു (യോഹന്നാൻ 19:7). 

"തൻ്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. ദൈവം തൻ്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ (യോഹന്നാൻ 3:16,17)".

യേശു ക്രിസ്തുവിനു ശേഷം ഇനിയൊരു പ്രവാചകൻ  ഉണ്ടോ, ഇല്ല എന്നതാണ് സത്യം കാരണം യോഹന്നാൻ ഇനി ഒരു പ്രവാചകനെ അന്വേഷിക്കണോ എന്ന് ചോദിക്കുന്നുണ്ട് "എന്നാറെ യോഹന്നാൻ തൻ്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, കർത്താവിൻ്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു. ആ പുരുഷന്മാർ അവൻ്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിൻ്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽ അവൻ  വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാർക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ”  എന്നു ഉത്തരം പറഞ്ഞു. യോഹന്നാൻ്റെ ദൂതന്മാർ പോയശേഷം അവൻ  പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു: “നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ? അല്ല, എന്തു കാണ്മാൻ പോയി? മാർദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവർ രാജധാനികളിൽ അത്രേ. അല്ല, എന്തു കാണ്മാൻ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ” എന്നു ഞാൻ നിങ്ങളോടു പറയുന്നു: “ഞാൻ എൻ്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ  നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു”. സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ” എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു (ലൂക്കോസ് 7:19-29). 

കർത്താവായ യേശു മ്ശിഹാ പറയുന്നു "അവയെ തന്നിരിക്കുന്ന എൻ്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിൻ്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല. ഞാനും പിതാവും ഒന്നാകുന്നു.(യോഹന്നാൻ 10:30)” പിന്നെയും "ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും(യോഹന്നാൻ 10:9). യേശു ക്രിസ്തു സത്യമായി ദൈവമാകുന്നു അവൻ ഉയിർത്തെഴുന്നേറ്റവനാകുന്നു, ആമ്മേൻ!

ക്രൈസ്തവ സഭയിൽ വിഗ്രഹങ്ങൾ ഉപയോഗിക്കാറുണ്ടോ?

മെസ്രേന്‍ ദേശത്തു നിന്ന്, അടിമത്വത്തിൻ്റെ സ്ഥാനത്തു നിന്ന്, നിന്നെ കരേറ്റി കൊണ്ടുവന്ന ഞാനാകുന്നു നിൻ്റെ ദൈവമായ കര്‍ത്താവ്. ഞാന്‍ അല്ലാതെ മറ്റു ദേവന്മാര്‍ നിനക്ക് ഉണ്ടായിക്കൂടാ. മീതെ ആകാശത്തില്‍ ഉള്ളതോ, താഴെ ഭൂമിയില്‍ ഉള്ളതോ ഭൂമിക്കു താഴെ വെള്ളത്തില്‍ ഉള്ളതോ ആയ ഒന്നിൻ്റെയും പ്രതിമയോ സാദൃശ്യമോ നീ ഉണ്ടാക്കരുത്. അവയെ ആരാധിക്കുകയോ അവയെ സേവിക്കുകയോ ചെയ്യരുത്; എന്തെന്നാല്‍, ഞാനാകുന്നു നിൻ്റെ ദൈവമായ കര്‍ത്താവ്. (പുറപ്പാട് 20: 1-4) ദൈവം പൂർണമായും കല്പിക്കുന്നു വിഗ്രഹങ്ങളോ ദൈവത്തിൻ്റെ ഛായയിൽ യാതൊന്നും ഉണ്ടാക്കരുത്. എന്നാൽ ഇതേ ദൈവം തന്നെയാണ് സാക്ഷ്യപെട്ടകം നിർമിക്കുവാൻ കൽപ്പിക്കുന്നത്, കല്പലകകൾ കൂടാതെ മന്ന ഇട്ടുവച്ച പൊൻപാത്രവും (പുറ, 16:33,34) അഹരോന്റെ തളിർത്ത വടിയും ഈ പെട്ടകത്തിൽ ഉണ്ടായിരുന്നു. കൃപാസനത്തിന്റെ രണ്ടറ്റത്തും സ്വർണ്ണം കൊണ്ടുള്ള രണ്ടു കെരൂബുകളെ നിർത്തി. അവ മേലോട്ടു ചിറകു വിടർത്തി കൃപാസനത്തെ മൂടി പരസ്പരം അഭിമുഖമായിരുന്നു. (പുറ, 25;20). കെരൂബുകൾക്കു മദ്ധ്യേയാണ് യഹോവ പ്രത്യക്ഷപ്പെട്ടത്. പത്തു കല്പനകൾ എഴുതിയ കല്പലകകൾ പെട്ടകത്തിൽ വച്ചിരുന്നു. ന്യായപ്രമാണപുസ്തകവും അതിൽ വച്ചു. (ആവ, 31:26). യഹൂദർ ഈ പെട്ടകത്തെ അതിവിശുദ്ധമായി ബഹുമാനിക്കുകയും ധുപമർപ്പിക്കുകയും ചെയ്തിരുന്നു "സാക്ഷ്യപെട്ടകത്തിന്റെ മുമ്പിലും ഞാൻ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലെക്കു മുമ്പാകെ അതു വെക്കേണം. അഹരോൻ അതിന്മേൽ സുഗന്ധധൂപം കാട്ടേണം; അവൻ  ദിനംപ്രതി കാലത്തു ദീപം തുടെക്കുമ്പോൾ അങ്ങനെ ധൂപം കാട്ടേണം" (പുറപ്പാട് 30:6,7). ഇവയൊക്കെ കല്പനകൾക്കു വിധേയമാണ്, ദൈവത്തിനു യോജിക്കാത്ത ആരാധനയാണ് വിഗ്രഹആരാധന എന്ന് പറയുന്നത്. 

ഇസ്രായേൽ ജനതയുടെ വാഗ്ദത്ത നാട്ടിലേക്കുള്ള യാത്രയിൽ ജനത്തിൻ്റെ പാപങ്ങൾ കാരണം ആഗ്നേയസര്‍പ്പങ്ങളുടെ ദംശനമേറ്റ് മരിച്ചു എന്നാൽ മോശ പ്രാർത്ഥിക്കുകയും ദൈവം പിച്ചളസർപ്പത്തെ ഉണ്ടാക്കുവാൻ കൽപ്പിക്കുകയും ചെയ്തു, അവയെ നോക്കിയവരെല്ലാം രക്ഷപെടുകയും ചെയ്തു. എങ്കിൽ ഇതും വിഗ്രഹമല്ലേ?. 

യേശു ക്രിസ്തു പറയുന്നുണ്ട് "അതായത്, ഞാന്‍ അബ്രഹാമിന്‍റെ ദൈവവും, ഇസഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും എന്നു താന്‍ പറഞ്ഞു. ദൈവം മൃതരുടെയല്ല, ജീവനുള്ളവരുടേതാകുന്നു" അതിനർത്ഥം ഭൗമികമായി മരിച്ചവർ മരിച്ചിട്ടില്ല ആത്മികമായി ജീവിക്കുന്നു എന്നർത്ഥം അവർ സംസാരിക്കുന്നത് കേൾക്കുന്നു എന്നർത്ഥവുമുണ്ട്. പുതിയ നിയമത്തിൽ ധനവാനും അബ്രഹാമും സംസാരിക്കുന്നത് കാണുവാൻ കഴിയും അതുമാത്രമല്ല യേശുക്രിസ്തു വലത്ത് ഭാഗത്തെ കള്ളനോട് ഇന്ന് കർത്താവിൻ്റെ കൂടെ പറുദിസയിൽ ഇരിക്കുമെന്ന് വാഗ്ദത്തം ചെയ്തിട്ടുമുണ്ട്. എങ്കിൽ മരിച്ചവർ ആത്മികമായി ജീവിച്ചിരിക്കുന്നു എന്നർത്ഥം ഇവിടെ പൂർണ്ണമാകുന്നു.  മറുരൂപത്തിൽ ക്രിസ്തുവിനോട് കൂടെ മോശയും ഏലിയാവും സംസാരിക്കുന്നത് ശ്ളീഹന്മാർ കാണുന്നുമുണ്ട്.

യേശു ക്രിസ്തുവിനു മുൻപ്  ദൈവത്തെ നമ്മൾ കണ്ടിട്ടില്ല, എന്നാൽ യേശു ക്രിസ്തുവിലൂടെ ദൈവത്തെ നമ്മൾ കാണുകയാണ് ചെയ്യുന്നത്. യോഹന്നാൻ പറയുന്നു "വചനം ജഡമായി നമ്മില്‍ ആവസിച്ചു. അവന്‍റെ മഹത്വം, പിതാവില്‍ നിന്നുള്ള ഏകജാതന്‍റെ മഹത്വം എന്ന പോലെ ഞങ്ങള്‍ കണ്ടു. അവന്‍ കൃപയും സത്യവും നിറഞ്ഞവനാകുന്നു.". ഒരുപക്ഷെ ക്രിസ്തു ഇന്നായിരുന്നെങ്കിൽ ജനിച്ചിരുന്നെങ്കിൽ വിവിധ രൂപത്തിലുള്ള ഫോട്ടോകൾ കിട്ടുമായിരുന്നു. ഐക്കൺ സ്വർഗ്ഗത്തിലുള്ള വാതിലാണ് സ്വർഗ്ഗത്തെയും നമ്മളെയും ബന്ധിപ്പിക്കുന്ന വസ്തുവാണ് ഐക്കൺ. വിശുദ്ധന്മാരുടെ, അമ്മ കന്യക മറിയാമിൻ്റെ ഫോട്ടോകളിൽ മുത്തുന്നതിലൂടെ അവരെ ബഹുമാനിക്കുകയാണ് ചെയ്യുന്നത്. വിശുദ്ധന്മാർ നമുക്ക് വേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കുകയും ചെയുന്നു. 

ദൈവം സന്തോഷിക്കുകയോ കോപിക്കുകയോ ചെയ്യുന്നുണ്ടോ?

  • മനുഷ്യരായ നാം ദൈവത്തോട് സാരൂപ്യം പ്രാപിക്കുന്നതിലൂടെ നല്ലവരായിരുന്നാൽ അവിടുത്തോട് ചേർന്ന് നിൽക്കും

ദൈവം സന്തോഷിക്കുകയോ കോപിക്കുകയോ ചെയ്യുന്നില്ല എന്നതാണ്. കാരണം സന്തോഷവും കോപവും വികാരങ്ങളാണല്ലോ. അവിടുത്തെ ബഹുമാനിക്കുന്നവരുടെ കാഴ്ചവസ്തുവിൽ അവിടുന്ന് കുടിയിരിക്കുന്നില്ല, അല്ലെങ്കിൽ അവിടുന്ന് സന്തോഷത്താൽ ചാഞ്ചാടുന്നവനാകുമായിരുന്നു. മനുഷ്യരുടെ കാര്യത്തിൽ ദൈവത്തിനു സന്തോഷമോ അതൃപ്തിയോ തോന്നുന്നുവെന്ന് സങ്കൽപ്പിക്കുന്നത് ശരിയല്ല. അവിടുന്ന് നല്ലവനാണ്. അവിടുന്ന് എല്ലായ്പ്പോഴും അനുഗ്രഹങ്ങളാണ് വർഷിക്കുന്നത്. അവിടുന്ന്  ഒരിക്കലും തിന്മ ചെയ്യുന്നില്ല. അവിടുന്ന് എല്ലാഴ്‌പ്പോഴും ഒരുപോലെ വർത്തിക്കുന്നു. നേരെമറിച്ച്, മനുഷ്യരായ നാം ദൈവത്തോട് സാരൂപ്യം പ്രാപിക്കുന്നതിലൂടെ നല്ലവരായിരുന്നാൽ അവിടുത്തോട് ചേർന്ന് നിൽക്കും. എന്നാൽ ദുഷ്കർമ്മികളായാൽ, ദൈവത്തോട് സാരൂപ്യം പ്രാപിക്കാതെ അവിടുന്നിൽനിന്ന് അകന്നുപോകും. വിശുദ്ധമായ ജീവതത്തിലൂടെ നമ്മൾ ദൈവസാമിപ്യം അനുഭവിക്കുന്നു. പാപകരമായ ജീവിതത്തിലൂടെ ദൈവത്തെ നമ്മുടെ ശത്രുവാക്കുന്നു. ദൈവം നമ്മോടു കോപിക്കുന്നില്ല; എന്നാൽ നമ്മുടെ പാപങ്ങൾ, നമ്മുടെ ഉള്ളിൽ പ്രകാശിക്കുന്ന ദൈവത്തെ മറയ്ക്കുകയും നമ്മെ പിശാചുകൾക്കു വിധേയരാക്കിത്തിർക്കുകയും ചെയുന്നു. പ്രാർത്ഥനയിലൂടെയും കാരുണ്യപ്രവർത്തികളിലൂടെയും പാപത്തിൽ നാം മോചിതരാകുന്നെങ്കിൽ, ദൈവത്തെ നാം നമ്മുടെ പക്ഷത്താക്കിയെന്നു അർത്ഥമില്ല, നമ്മുടെ പ്രവർത്തികളിലൂടെയും ദൈവത്തിലേക്കു തിരിയുന്നതിലൂടെയും നമ്മുടെ തിന്മകൾക്ക് പരിഹാരം ചെയ്തു ദൈവത്തിൻ്റെ നന്മ കൂടുതൽ ആസാദ്യമാക്കിയെന്നു സാരം. ദുഷ്ടന്മാരിൽ നിന്നും ദൈവം അകന്നുപോകുന്നു എന്ന് പറയുന്നത്, അന്ധന്മാരിൽനിന്നും സൂര്യൻ ഒളിച്ചിരിക്കുന്നു എന്നു പറയുന്നതുപോലെയാണ്.

Ref: ഫിലോക്കാലിയ(മനുഷ്യസ്വഭാവത്തെയും ധർമിഷ്ഠമായ ജീവതത്തെയും കുറിച്ച്‌ നൂറ്റിയെഴുപത് പാഠങ്ങൾ - മഹാനായ വിശുദ്ധ അന്തോണിയോസ്)