എ.ഡി 325-ലെ നിഖ്യ സുന്നഹദോസ് തീരുമാനം അനുസരിച്ച കേരളം ഉൾപ്പെടുന്ന ഏഷ്യൻ പ്രദേശങ്ങളുടെ ചുമതല അന്ത്യോഖ്യ സിംഹാസനത്തിനു ലഭിച്ചതിനാൽ, ഇടയാനില്ലാത്ത ആടുകളെപ്പോലെ ആത്മീയ നേത്രത്വം ഇല്ലാതിരുന്ന മലങ്കര സഭക്ക് നേത്രത്വം നൽകുവാൻ എ.ഡി 345-ൽ അന്ത്യോഖ്യ പാത്രിയർക്കിസായിരുന്ന മോർ ഒസ്താത്തിയോസിൻ്റെ കൽപ്പന പ്രകാരം അന്ത്യോഖ്യ സിംഹാസനത്തിനു കിഴിലുള്ള ഉറഹാ(എഡെസ) യിലെ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന മോർ യൗസേഫ് മെത്രാൻ ഭാരതത്തിലെ ക്രിസ്തിയ വിശ്വാസികൾ ഇടയനില്ലാതെ കഷ്ട്ടപെടുകയാണെന്നു ഒരു രാത്രിയിൽ സ്വപ്നം കാണുകയും ഈ വിവരം തേഗ്രിസിലെ കാതോലിക്കയെ അറിയിച്ചപ്പോൾ അദ്ദേഹവും അതേ രാത്രിയിൽ അതേ സ്വപനം കണ്ടുവെന്ന് അറിയിക്കുകയും അങ്ങനെ ഭാരതത്തിലെ സഭക്ക് വേണ്ടി ആത്മീയ നേത്രത്വം നൽകുന്നതിന് വേണ്ടി അന്ത്യോഖ്യപാത്രിയർക്കിസിൻ്റെ അനുവാദത്തോടുകൂടി ദൈവനിയോഗപ്രകാരം സിറിയൻ കുടിയേറ്റം നടന്നുവെന്നു പാരമ്പര്യമായി വിശ്വസിക്കുന്നു. സിറിയൻ കുടിയേറ്റത്തിനു നടുനായകത്വം വഹിച്ചത് ഈ ദേശവുമായി അന്ന് കച്ചവടബന്ധമുണ്ടായിരുന്ന ക്നായി തോമാ ആയിരുന്നു.
പലസ്തീൻ, നിനവേ, ബെത്‌നഹറീൻ, ഉറഹാ, ക്നായി ആദിയായ സ്ഥലങ്ങളിൽ നിന്നും യഹൂദവംശത്തിൽ, ദാവീദിൻ്റെ സന്തതി പരമ്പരയിൽപ്പെട്ടവരായി ബാജി, ബൽക്കൂത്ത്, ഹദായി, കുജാലിക്, കോജാ, മഗ്നുത്ത് എന്നീ ഏഴു ഗോത്രങ്ങളിൽ(ഇല്ലം) 72 കുടുംബങ്ങളിൽ നിന്ന് നാനൂറോളം (400) സുറിയാനി ക്രിസ്ത്യാനികൾ മലങ്കരയിലേക്കു കുടിയേറി. അന്ത്യോഖ്യ പാത്രിയർക്കിസിൻ്റെയും കാതോലിക്കയുടെയും അനുവാദത്തോടെ(പൗരസ്ത്യ കാതോലിക്കയുടെ ആസ്ഥാനം അന്ന് ഇപ്പോഴത്തെ ബാഗ്ദാദിൽ ആയിരുന്നു) 4 പട്ടക്കാരും 2 ശെമ്മാശന്മാരും ഉറഹായിലെ മോർ യൗസേഫ് മെത്രാനും പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ക്നായി തോമയുടെ നേത്രത്വത്തിൽ കൊടുങ്ങലൂരിൽ എത്തി.
അന്ന് മഹാദേവർ പട്ടണത്തിനു വടക്കുവശത്ത് തോമ്മാശ്ളീഹായാൽ ക്രിസ്ത്യാനികളാക്കപ്പെട്ടവർ പാർത്തിരുന്നതിനാൽ "വടക്കു ഭാഗമെന്നും"തെക്കുവശത്ത് താമസിച്ചിരുന്ന ക്നാനായക്കാർ "തെക്കു ഭാഗരെന്നും" പേരുണ്ടായി. മലങ്കരയിൽ കുടിയേറിയ ക്നാനായക്കാർക്ക് 72 പദവികൾ ചേരമാൻ പെരുമാൾ നൽകുകയുണ്ടായി. ക്നാനായ വിവാഹ ചടങ്ങിൽ ഇവപലതും കാണാവുന്നതാണ്. ക്നാനായക്കാരെ സുറിയാനിക്കാർ എന്നും വിളിച്ചിരുന്നു.
ക്നാനായക്കാർ സ്വദേശത്ത് നിന്ന്പ്പോരുമ്പോൾ ചെന്നെത്തുന്ന ദേശം ഹിന്ദുദേശവും അവിടുത്തെ ആളുകൾ അധികവും വിഗ്രഹങ്ങളെ ആരാധിക്കുന്ന ജാതികളും ആയതിനാൽ പൂർവ്വപിതാക്കന്മാർ അവർക്കു ഉപദേശങ്ങൾ നൽകിയാണ് യാത്ര അയച്ചത്. "ഹിന്ദു ദേശത്താണ് നിങ്ങൾ പോകുന്നത്. അവിടെച്ചെന്നു അവിടുത്തെ ജാതികളോട് ചേർന്ന് സത്യവിശ്വാസത്തിൽനിന്ന് അകന്നുപോകരുത്. പത്ത് കല്പനകളും ഏഴു കൂദാശകളും എപ്പോഴും ഓർക്കണം എന്നതായിരുന്നു പിതാക്കന്മാരുടെ സദുഉപദേശം".
റെഫ്: സുറിയാനി സഭയുടെ സ്തുതി ചൊവ്വാക്കപ്പെട്ട വിശ്വാസം(ഫാ. ജിനു കുരുവിള കിഴക്കേ മുട്ടത്തിൽ)
പബ്ലിഷർ: St.Ephrem Study Centre, Chingavanam