യേശു ക്രിസ്തു തൻ്റെ പീഡാനുഭവവേളയിൽ ഗദ്സമന തോട്ടത്തിൽ പ്രാർത്ഥിച്ചു "പിന്നെ താന്‍ അല്പം അകലെ മാറി കവിണ്ണുവീണ് എൻ്റെ പിതാവേ കഴിയുമെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നും കടന്നു പോകണമെ. എങ്കിലും ഞാന്‍ ആഗ്രഹിക്കുന്നതു പോലെയല്ല, അങ്ങ് ഇഷ്ടപ്പെടുന്നതു പോലെ ആകട്ടെ എന്ന് പറഞ്ഞു കൊണ്ടു പ്രാര്‍ത്ഥിച്ചു.(മത്തായി 26:39)" ഇവിടെ യേശു ക്രിസ്തു തൻ്റെ ആവശ്യം പറയുന്നുവെങ്കിലും അവൻ്റെ ഇഷ്ട്ടമല്ല പിതാവായ ദൈവത്തിൻ്റെ ഇഷ്ടത്തിനു പ്രാധാന്യമാണ് നൽകുന്നത്. നമ്മുടെ പ്രാർത്ഥനകളിലും നിർബന്ധപൂർവം നമ്മുടെ ഇഷ്ട്ടം ദൈവത്തിൽ നിന്നും ചോദിച്ചു വാങ്ങിക്കാറുണ്ട് എന്നാൽ പുത്രൻ തമ്പുരാൻ പഠിപ്പിക്കുന്നത് പിതാവായ ദൈവത്തിൻ്റെ ഇഷ്ട്ടം ജീവിതത്തിൽ നടക്കുവാനാണ്. ദൈവത്തിൻ്റെ ഇഷ്ട്ടം ഒരിക്കലും നിന്നെ കൊണ്ടുചെല്ലുന്നത് നാശത്തിലല്ല, നന്മയിലേക്ക് മാത്രമേ ചെന്ന് എത്തിക്കുകയുള്ളൂ. "നീ പൂര്‍ണ ഹൃദയത്തോടെ ദൈവത്തില്‍ വിശ്വസിച്ചാശ്രയിക്കുക. നിൻ്റെ സ്വന്ത വിജ്ഞാനത്തില്‍ അഹങ്കരിക്കരുത്. നിൻ്റെ എല്ലാ വഴികളിലും നീ അവനെ സ്വീകരിക്കുക. അവന്‍ നിൻ്റെ വഴികള്‍ നേരെയാക്കും.(സദൃശ്യ 3:5,6)"
മക്കളെ ഓർത്തു കരയുവിൻ
യേശു ക്രിസ്തു തൻ്റെ പീഡാനുഭവയാത്രയിൽ "വളരെയേറെ ജനങ്ങളും, തന്നെക്കുറിച്ച് വിലപിച്ചു കൊണ്ട് സ്ത്രീകളും തന്‍റെ പിന്നാലെ വന്നു. യേശു ആ സ്ത്രീകളുടെ നേരേ തിരിഞ്ഞ് അവരോട് പറഞ്ഞു: യറുശലേം പുത്രിമാരേ, നിങ്ങള്‍ എന്നെക്കുറിച്ച് കരയേണ്ട. പിന്നെയോ നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓര്‍ത്ത് കരയുവിന്‍.(ലൂക്കോസ് 23: 27-29)". മയക്കുമരുന്നിൻ്റെയും, ഡ്രഗ്സിൻ്റെയും, ദൈവത്തിനു എതിരെ പാപം ചെയ്യുന്നവരുടെയും ലോകത്ത് ഈ വചനത്തിനു ഏറെ പ്രാധാന്യമുണ്ട്, മാതാപിതാക്കന്മാരുടെ കടമ ഇവിടെ യേശു ക്രിസ്തു തൻ്റെ വേദന നിറഞ്ഞ പീഡാനുഭവസമയത്തും വ്യക്തമാക്കുകയാണ്.
മറ്റുള്ളവരോട് ക്ഷമിക്കുന്ന യേശുക്രിസ്തു
യേശു ക്രിസ്തുവിൻ്റെ ജീവിതം പഠിക്കുമ്പോൾ ക്ഷമയുടെ പാഠം തൻ്റെ ജീവിതത്തിൽ നിന്നും പഠിപ്പിക്കുന്നുണ്ട്. കർത്താവിനെ ക്രൂശിച്ചപ്പോഴും വേദനകളാൽ പുളയുമ്പോഴും തന്നെ ഉപദ്രവിക്കുന്നവരോട് കർത്താവായ യേശു ക്രിസ്തു ക്ഷമിക്കുകയാണ് ചെയ്യുന്നത്. "യേശു പറഞ്ഞു: പിതാവേ, ഇവരോട് ക്ഷമിക്കണമേ, എന്തെന്നാല്‍ ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് ഇവര്‍ അറിയുന്നില്ല.(ലൂക്കോസ് 23:34). യേശു ക്രിസ്തു പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയിലും ഇപ്രകാരം പറയുന്നു "ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതു പോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമെ.(മത്തായി 6:12), മറ്റുള്ളവരോട് ക്ഷമിക്കുവാനുള്ള കഴിവ് ദൈവം നമുക്ക് നൽകട്ടെ കാരണം അവ നമ്മുടെ പാപം ക്ഷമിക്കുവാനും കാരണമാകുന്നു! ആമ്മേൻ